പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബർ മൂന്നിന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിലെത്തും.
ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.
എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര ചിത്രമായാണ് ഫൗസി ഒരുങ്ങുന്നത്.
കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന.
ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രാജ്യാന്തര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.